പരദുഃഖപരിഹാരശ്രമത്തോളം ശ്രേഷ്ഠമായ ഈശ്വരാരാധന ഇല്ലതന്നെ. ഇതു വ്യക്തമാക്കിത്തരുന്ന ഒരു ഐതിഹ്യം നമുക്കിവിടെ പരിചയപ്പെടാം. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്കടുത്ത് ആനിക്കാടുള്ള തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണിത്. കാശീ യാത്രയ്ക്കു പുറപ്പെട്ട രണ്ടു പേർ. മോക്ഷം തേടിയാണവരുടെ യാത്ര. കാടുകളും മേടുകളും പുഴകളും താണ്ടിയാണവരുടെ സഞ്ചാരം.. കാശീവിശ്വനാഥദർശനാനന്ദമാണ് ലക്ഷ്യമെന്നതിനാൽ യാത്രാക്ഷീണമൊന്നും ഇവരെ തെല്ലും അലട്ടിയില്ല. എത്രയും വേഗം കാശീവിശ്വനാഥസന്നിധിയിലെത്തുക എന്ന ചിന്തമാത്രമേയുള്ളൂ മനസ്സിൽ. അപ്പോഴാണ് അവരാക്കാഴ്ചകണ്ടത് .മൃതപ്രായയായ ഒരുപശു വഴിയിൽ കിടക്കുന്നു. ശരീരമാസകലം വ്രണങ്ങൾ. അതിൽ ഈച്ചയുംപുഴുക്കളും. ശരീരം അനക്കാൻ പോലുമാവാത്ത ആ മിണ്ടാപ്രാണിയുടെ ദയനീയസ്ഥിതി കണ്ട് എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം അവരവിടെ നിന്നു . ഉൾപ്രേരണയെന്നോണം അവരിലൊരാൾ ആപശുവിനെ പരിചരിക്കാൻ ആരംഭിച്ചു. വ്രണഭാഗങ്ങൾ വൃത്തിയാക്കി സമീപത്തുനിന്നും ലഭിച്ച പച്ചിലമരുന്നുകൾ പുരട്ടി. വെള്ളവും ഭക്ഷണവും അൽപാൽപമായികൊടുത്തു. ഇതെല്ലാംകണ്ടുസഹയാത്രികൻ പകച്ചു നിൽക്കുകയാണ്. മാർഗ്ഗതടസ്സങ്ങളൊന്നുമില്ലാതെയുള്ള യാത്രയായിരുന്നു ഇതുവരെ. കൂട്ടുകാരനാകട്ടെ പശുവിന്റെ ശുശ്രൂഷയിൽ മുഴുകിയിരിക്കുന്നു. ഇനിയും കാത്തുനിന്നാൽ തൻ്റെ ലക്ഷ്യം നടക്കാതെവരും. ഒരിക്കൽക്കൂടി സുഹൃത്തിനെ വിളിച്ചുനോക്കി. അദ്ദേഹമാവട്ടെ പശുവിന്റെ അവശതമാറ്റിയിട്ടേ വരുന്നുള്ളൂ എന്ന് തീർത്തുപറഞ്ഞുകൊണ്ട് പരിചരണത്തിൽ വീണ്ടും മുഴുകി. ഇനിയും കാത്തിരിക്കുന്നത് വ്യർത്ഥമാണെന്നു ചിന്തിച്ച രണ്ടാമൻ തന്റെ സുഹൃത്തിനോട് യാത്രപറഞ്ഞ് അവിടെനിന്നും യാത്ര തുടർന്നു.
മാസങ്ങളോളം നീണ്ടപരിചരണം ഫലം കണ്ടു. പശു പൂർണസുഖം പ്രാപിച്ചു. മൃതപ്രായയായിരുന്ന ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യം അദ്ദേഹം അനുഭവിക്കുകയായിരുന്നു. ഇക്കാലമത്രയും പശുവിന്റെ ജീവൻ രക്ഷിക്കുക എന്ന ചിന്തയിൽ മുഴുകിയിരുന്നതിനാൽ തുടർന്നുള്ള കാശിയാത്രയെക്കുറിച്ചു അദ്ദേഹം ചിന്തിക്കുകപോലുമുണ്ടായില്ല. അതിനാൽ രോഗമുക്തി പ്രാപിച്ച പശുവിനെക്കണ്ട സന്തോഷം മാത്രമായിരുന്നു മനസ്സിൽ. പെട്ടെന്നാണ് അദ്ദേഹം തന്റെ സുഹൃത്തിനെക്കുറിച്ചോർത്തത്. കൂട്ടുകാരൻ ഇപ്പോൾ കാശിയിലെത്തിക്കാണും . തനിക്ക്ക് അതിനു സാധിച്ചില്ലല്ലോ എന്ന ചിന്ത അദ്ദേഹത്തെ വിഷമിപ്പിച്ചു. പശു രക്ഷപ്രാപിച്ചതിലുള്ള ചാരിതാർഥ്യം ഒരുവശത്ത്തും കാശിക്കു പോകാൻ സാധിക്കാത്തതിന്റെ ഇഛാഭംഗം മറുവശത്തും. സമ്മിശ്രവികാരത്താൽ ചിന്താമഗ്നനായിരുന്ന അദ്ദേഹത്തെ ഉണർത്തിയത് ഒരു ദിവ്യതേജസ്സാണ്. ഇച്ഛാഭംഗം ആനന്ദാതിരേകത്തിനുവഴിമാറി. സാക്ഷാൽ കാശീവിശ്വനാഥൻ ദേവീസമേതനായി തനിക്കു ദർശനമേകിയിരിക്കുന്നു . സ്വപ്നമാണോ എന്നറിയാതെ കുഴങ്ങിയ ആഭക്തോത്തമനോട് ഭഗവാൻ ഇങ്ങനെ അരുൾചെയ്തു. “ഒട്ടുംതന്നെദുഃഖിക്കേണ്ടതില്ല . സഹജീവിയുടെ ദുഃഖപരിഹാരത്തിനായി ചെയ്ത ഈ സത് കൃത്യംയഥാർത്ഥത്തിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പൂജ തന്നെയായിരുന്നു. എല്ലാറ്റിലും ഈശ്വരഭാവത്തെ കാണുന്ന ഉദാത്ത ഭക്തിയാണ് അങ്ങയുടേത്. രോഗമുക്തിപ്രാപിച്ച പശു എഴുന്നേറ്റപ്പോൾ ഈ പാറയിൽ പതിഞ്ഞ കുളമ്പടിപ്പാടിലൂടെ ഇപ്പോൾ മുതൽ പ്രവഹിക്കുന്നത് കാശീതീർത്ഥം തന്നെയാണ്. കാശിയിൽ പോയി എന്നെ ദർശിക്കുന്ന എല്ലാ ഫലവും അങ്ങേയ്ക്കും ഇവിടെ വരുന്നവർക്കും ലഭിക്കും. ഉദാത്തഭക്തിയുടെ അടയാളമായി ഈ തിരുകുളമ്പും തീർത്ഥ പ്രവാഹവും ആചന്ദ്രതാരം നിലനിൽക്കും”. ഇപ്രകാരം അരുളിച്ചെയ്തു ഭഗവാൻ അന്തർദ്ധാനം ചെയ്തു. ഭഗവദ്‌വചനങ്ങൾ പാലിച്ചു കൊണ്ട് ആ ഭക്തോത്തമൻ തീർത്ഥക്കരയിൽ തന്നെ തുടർന്നുള്ള കാലം ഈശ്വരചിന്തയോടെ കഴിച്ചു കൂട്ടി ശ്രേഷ്ഠമായ യോഗീശ്വരപദവിയിലെത്തിച്ചേർന്നു.
മൂവാറ്റുപുഴ ആനിക്കാട് തിരുവുംപ്ലാവിൽ ക്ഷേത്രത്തിന്റെ വടക്കുഭാഗത്തുള്ള തീർത്ഥക്കരയിൽ ഈ തിരുകുളമ്പിലൂടെയുള്ള തീർത്ഥപ്രവാഹം കാണാം. “തിരുകുളമ്പായി” എന്നത് പിൽക്കാലത്തു് തിരുമ്പ്ളായി എന്നും തിരുവുംപ്ലാവിൽ എന്നും അറിയപ്പെട്ടു.
ഇന്നും ഭക്തജനസഹസ്രങ്ങൾ ഇവിടെയെത്തി ഗംഗാസ്നാനം നടത്തി പിതൃതർപ്പണാദികൾ ചെയ്തു തിരുവുംപ്ലാവിൽ തേവരുടെ അനുഗ്രഹം നേടിക്കൊണ്ടിരിക്കുന്നു.