തീർത്ഥോത്സവം Live Stream ചെയ്ത വീഡിയോകൾ മുഴുവൻ താഴെ കൊടുത്തിരിക്കുന്ന Playlist -ൽ ലഭ്യമാണ്.
https://youtube.com/playlist?list=PLqLVgQPkfOVaSWDyv3g-rNaarImC3wUZD

തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രവുമായും സനാതന സ്കൂൾ ഓഫ് ലൈഫുമായും ബന്ധപ്പെട്ട അറിയിപ്പുകൾ തുടർന്നും ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന Whatsapp community group -ൽ അംഗമാകുമല്ലോ.

https://chat.whatsapp.com/EAOXwj42GUTHPs2Q1HBYbn

താഴെ കൊടുത്തിരിക്കുന്ന Website, whatsapp number എന്നിവ പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

വാട്ട്സ്ആപ്പ് 9207732152
Website: keralakashi.org
Sanathanaschool.com

Concluding Report തീർത്ഥോത്സവം 1198

ആനന്ദാനുഭവമായി മാറിയ തീർത്ഥോത്സവത്തിനു ഭക്തിനിർഭരമായ സമാപനം

മൂവാറ്റുപുഴ കേരളകാശി തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ ഡിസംബർ 29 മുതൽ നടന്നു വന്ന തീർത്ഥോത്സവം ഭാഗവത ജ്ഞാനസത്രത്തിനും സമൂഹലക്ഷാർച്ചനയ്ക്കും പരിസമാപ്തിയായി. ധനു മാസത്തിലെ തിരുവാതിരനാളിൽ തന്ത്രിമുഖ്യൻ മനയത്താറ്റ് അനിൽ ദിവാകരൻ നമ്പൂതിരിയുടെ ആചാര്യത്വത്തിൽ ലക്ഷാർച്ചന പൂർത്തിയാക്കിയ കലശങ്ങൾ പഞ്ചവാദ്യത്തിന്റെയും നാമജപത്തിന്റെയും അകമ്പടിയോടെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച്‌ കലശാഭിഷേകം നടത്തി.

തീർത്ഥോത്‌സവത്തിന്റെ ഭാഗമായി നടന്ന അക്കിത്തഭാഗവത ജ്ഞാനസത്രം അവഭൃഥസ്നാനത്തോടെ തിരുവാതിരത്തലേന്നു സമാപിച്ചു. ക്ഷേത്രത്തിന്റെ വടക്കു ഭാഗത്തുള്ള ഐതിഹ്യ പ്രസിദ്ധമായ തീർത്ഥക്കരയിലാണ് ആറാട്ട് ചടങ്ങുകൾ നടന്നത്. തീർത്ഥോത്സവ ജ്ഞാനസത്രത്തിന്റെ വിജയത്തിനായി വിവിധ രീതിയിൽ പ്രവർത്തിച്ചവരെയും വിവിധ കൂട്ടായ്മകളുടെ പ്രതിനിധികളെയും വേദിയിൽ ആദരിച്ചു.

ബ്രഹ്മശ്രീ മാടശ്ശേരി നീലകണ്ഠൻ നമ്പൂതിരി പരമാചാര്യനായും ഭാഗവതഭാഷണത്തിലകം ശ്രീ അരുണൻ ഇരളിയൂർ യജ്ഞാചാര്യനായുമാണ് തീർത്ഥോത്സവം നടന്നത്. ആദ്യദിനത്തിൽ സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി ഭദ്രദീപം തെളിയിച്ച ചടങ്ങിൽ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ പുത്രനും പുത്രിയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളും പങ്കെടുത്തു.

ജ്ഞാനപീഠം നേടിയ മഹാകവി അക്കിത്തത്തിന്റെ അക്കിത്തഭാഗവതം പാരായണം ചെയ്തുകൊണ്ട് നടക്കുന്ന പ്രഥമ സമ്പൂർണഭാഗവതസത്രത്തിനാണ് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രസന്നിധി വേദിയായായത്. തീർത്ഥോത്സവം എന്ന പേരിൽ നടന്ന ഈ ആദ്ധ്യാത്മികോത്സവത്തിൽ പൂജനീയ അച്യുതഭാരതി സ്വാമിയാർക്കു നടത്തിയ വരവേൽപ്പും ഭിക്ഷ, വെച്ച് നമസ്ക്കാരം എന്നിവയും ഭക്തജനങ്ങൾക്ക് വിശിഷ്ടാനുഭവങ്ങളായി. വൈകുന്നേരങ്ങളിലെ കലാസാഹിതീജ്ഞാനസന്ധ്യ, ഭക്തജനപങ്കാളിത്തത്തോടെ സമൂഹലക്ഷാർച്ചന എന്നിവയും പുതുമയുള്ള അനുഭവങ്ങളായി.

സത്രദിനങ്ങളിൽ യജ്ഞാചാര്യന്മാർക്കുപുറമേ ഡോ. പി . വി . വിശ്വനാഥൻ നമ്പൂതിരി, ശ്രീ പദ്മനാഭൻ ഇരിഞ്ഞാടപ്പിള്ളി , ശ്രീ സജീവ് മംഗലത്ത്, ശ്രീ ആയേടം കേശവൻ നമ്പൂതിരി, ശ്രീ കിഴക്കേടത്തു മാധവൻ നമ്പൂതിരി, ശ്രീ പുളിക്കാപ്പറമ്പ് ദാമോദരൻ നമ്പൂതിരി, പുല്ലയിൽ ഇല്ലത്തു ശ്രീവത്സൻ നമ്പൂതിരി എന്നിവർ പ്രഭാഷണങ്ങൾ നടത്തി. ഭാഗവതസത്രത്തിൽ ആചാര്യ ഹരിപ്രിയാ മാടശ്ശേരി, ശ്രീമതി അഞ്ജന അരുണൻ, ശ്രീ മോഹനൻ മൂലയിൽ, ശ്രീ നീലകണ്ഠശർമ കുറിച്ചി, ശ്രീ പി കെ കൃഷ്ണശർമ എന്നിവർ സഹാചാര്യരായി.

ഓരോദിവസവും പാരായണ പ്രഭാഷണ സമർപ്പണങ്ങൾക്കു ശേഷം സത്രവേദിയിൽ കലാ-സാഹിത്യ-സാംസ്കാരിക മേഖലയിൽ നിന്നുമുള്ളവർ നയിക്കുന്ന വിവിധ പരിപാടികൾ അരങ്ങേറി . അമൃതസല്ലാപം, കഥകേൾക്കാം കുട്ടികളേ , ശ്രീ കലാമണ്ഡലം കാളിദാസനും സംഘവും അവതരിപ്പിച്ച കഥകളി എന്നിവയും ഇല്ലം കലാകേന്ദ്രത്തിന്റെ സോപാനസംഗീതനൃത്തലയവും, ഡോ. സി.ടി ഫ്രാൻസിസ് , ഡോ. ഹരികൃഷ്ണൻ, അസോ.പ്രൊഫ. ഇന്ദുലേഖ , ശ്രീ കിഴക്കേടത്തു മാധവൻ നമ്പൂതിരി, പറവൂർ ജ്യോതിസ് എന്നിവർ പങ്കെടുത്ത ജ്ഞാനസംവാദം, അക്ഷരം സാഹിത്യവേദിയുടെ കവിയരങ്ങ് , ശ്രീമതി സരസമ്മ കെ നായർ, ശ്രീ സുധീർ ഇടമന എന്നിവരുടെ ശിഷ്യരായ 20 കുട്ടികൾ ചേർന്ന് അവതരിപ്പിക്കുന്ന കാവ്യകേളിയും അക്ഷരശ്ലോകസദസ്സും തുടങ്ങി വിവിധ പരിപാടികൾ സത്രവേദിയെ ധന്യമാക്കി. കൂടാതെ മധ്യാഹ്ന ഇടവേളകളിൽ ഡോ. എടനാട്‌ രാജൻ നമ്പ്യാരുടെ കണ്ണന്റെ കഥകൾ, ഉപാസനമണ്ഡലി മൂവാറ്റുപുഴയുടെ സൗന്ദര്യലഹരീപാരായണം, ആർദ്രം തിരുവാതിര സമിതിയുടെയും, ശ്രീമൂകാംബിക കലാസമിതിയുടെയും തിരുവാതിര എന്നിവയും നടന്നു. മുൻ ഗുരുവായൂർ മേൽശാന്തി മൂർക്കന്നൂർ ശ്രീഹരി നമ്പൂതിരി, വിവിധ കൂട്ടായ്മകളിലെ നേതൃത്വനിരകളിലുള്ളവർ എന്നിവർ തീർത്ഥോത്സവത്തിൽ സംബന്ധിച്ചു ആശംസകൾ അർപ്പിച്ചു.

എൺപതിലധികം വിശിഷ്ടവ്യക്തിത്വങ്ങൾ സത്രവേദിയെ ധന്യമാക്കിയപ്പോൾ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ധാരാളമാളുകളാണ് തീർത്ഥോത്സവത്തിൽ എത്തിച്ചേർന്നത്.