കേരളകാശിചരിതം – രചന : ശ്രീ ബാലേന്ദു

 

ആർഷസംസ്കാരമുടലെടുത്തന്നു തൊ-
ട്ടീശ്വരസ്ഥാനമാം വാരണാസീപുരം.
അപ്പുരം ദർശിച്ചു ദേഹം വെടിഞ്ഞവർ
നിഷ്പാപസൗഭാഗ്യമാർജ്ജിപ്പു സന്തതം.
ഇപ്രകാരം ബോധ്യമെപ്പേർക്കുമാകയാൽ
എപ്രകാരത്തിലെന്നാകിലും കാശിയിൽ
ജാഹ്നവീതീർത്ഥത്തിലൊന്നു മുഴുകുവാൻ
മാനസം തന്നിൽക്കൊതിക്കുന്നു സജ്ജനം.

രാമായണത്തിൽ വിധിച്ചുള്ള മാതിരി
രാമേശ്വരപുണ്യ തീർത്ഥം നിറച്ചതാം
താമ്രകമണ്ഡുലമേന്തി മോദാന്വിതം
ആമ്‌നായവേദികൾ രണ്ടു വയോധികർ
കാൽനടയായി പുറപ്പെട്ടു ദൂരെയാം
കാശിക്കു, സായുജ്യമോഹമുദിക്കയാൽ.
ഗാഢമാം സൗഹൃദമാർന്നവരെങ്കിലും
രൂഢമാം വിശ്വാസമൊട്ടു വ്യത്യസ്തമായ്‌
പാലിക്കുമാ രണ്ടു പേരിലൊരാൾ തന്ത്ര-
പാതയിൽ പൂജയിലേറെയുറച്ചയാൾ.
മറ്റെയാൾ സാത്ത്വികൻ കർമ്മയോഗത്തിലെ
ശുദ്ധമാം നിർമ്മോഹഭക്തിയുറച്ചയാൾ.
എങ്കിലും പുണ്യനഗരി തൻ ദർശനം
ശങ്കാവിഹീനം കൊതിച്ചു രണ്ടാളുമേ.
വിശ്വനാഥന്നൊപ്പമംബികാദർശനം
വിശ്വപവിത്രയാം ഗംഗയിൽ മജ്ജനം
വിശ്വത്തിലെങ്ങാനുമെന്തുണ്ടതിൽപ്പരം
വിശ്വാസപൂർവ്വം ഭജിക്കുവാൻ സാധന.

സഹ്യസാനുക്കളിലൂടെ വനങ്ങളും
മുഖ്യമാകും പല ദേശങ്ങളും താണ്ടി
മൂവാറിനന്തികേ പാരം മനോഹരം
പൂവാടിപോലെഴുമാനിക്കാടെത്തവെ
അപ്പോൾ വരേയ്ക്കുമമംഗളമായൊന്നു-
മപ്പാത തന്നിൽ ദർശിക്കാത്ത യാത്രികർ
കണ്ടു നടപ്പാത തന്നിൽത്തടസ്സമായ്‌
ഉണ്ടൊരു ധേനു, അനക്കമില്ലൊട്ടുമേ.
ആട്ടിയകറ്റിക്കടന്നു പോയീടുവാൻ
ഒട്ടു നേരം ശ്രമി,ച്ചാ ശ്രമം പാഴിലായ്‌.
ഒട്ടുമനങ്ങുവാൻ ത്രാണിയില്ലാത്തൊരു
മട്ടിലാണാ പശുവെന്നു കണ്ടിട്ടുടൻ
സാത്ത്വികൻ ചൊല്ലി, “യിതിനു വേണ്ടുന്നതു
സത്വരം ചെയ്യണം ചത്തുപോമന്യഥാ.”
കർമ്മഠൻ ചൊല്ലീ, “യീ മട്ടു ഭാവിക്കുകിൽ
എമ്മട്ടു നമ്മൾ വാരാണസിയെത്തിടും?
പോകാം വരൂ, വൃദ്ധഗോവിനെ നോക്കുവാൻ
ആയതിൻ സ്വാമിയാമാരെങ്കിലും വരും.
ആയകാലത്തതിൻ ഗവ്യം ഗ്രഹിച്ചവർ
ഈയുളളവസ്ഥയിൽ നോക്കാതിരിക്കുമോ?”

കൂട്ടുകാരൻ കുറെയേറെ വാദിക്കിലും
സാത്ത്വികന്നൊട്ടുമേ തോന്നീല പോകുവാൻ.
തൻ സഹജീവി തൻ ദുർഗ്ഗതിയല്ലാതെ
ചിന്തിച്ചതില്ലയാളപ്പോളൊരല്‌പവും.
“താനായി തന്നുടെ പാടായി, ഞാനിനി
നേരം കളയാതെ പോകയാണിക്ഷണം”
എന്നു പറഞ്ഞുടൻ കർമ്മഠൻ ചങ്ങാതി
തന്നുടെ ലക്ഷ്യത്തിലേയ്ക്കങ്ങു യാത്രയായ്‌.
സാത്ത്വികൻ സത്വരം ധേനുവിൻ മേലാകെ
ഈച്ചയരിച്ച വ്രണങ്ങൾ തുടച്ചുടൻ
ചുറ്റും സമൃദ്ധമാമോഷധീസഞ്ചയം
കൂട്ടിയിടിച്ചും പിഴിഞ്ഞുമൊരുക്കിയ
വീര്യമെഴും ലേപമാകെപ്പുരട്ടീട്ടു
ചാരത്തു കാത്തിരുന്നത്യന്തശ്രദ്ധയാ.
മൂന്നു ദിനരാത്രമങ്ങനെ പോകവേ
ധേനുവെഴുനേറ്റു, മെല്ലെച്ചരിക്കയായ്‌.
പിന്നെയുമഞ്ചാറു നാളുകൾ പോകവേ
തോന്നി, യിനിയതു താനേ പുലർന്നിടും.
ആ വിധം ശുശ്രൂഷ ചെയ്ത നേരങ്ങളിൽ
ആവോളം ശ്രദ്ധയുമാസ്ഥയുമാകയാൽ
താൻ വന്ന കാര്യവും തോഴനെപ്പറ്റിയും
കേവലമോർത്തില്ല, തീർത്ഥാടനാദിയും.

പത്താം ദിനം പകൽ പോകവേ സ്വസ്ഥനായ്‌
സാത്ത്വികൻ വിശ്രമം കൊള്ളവേ ചിന്തയിൽ
നാനാവിചാരങ്ങൾ പയ്യെത്തലപൊക്കി
ദീനത, നൈരാശ്യവും ചാരിതാർത്ഥ്യവും.
“കൂട്ടുകാരൻ വരും മാസത്തിലോ മറ്റോ
എത്തിപ്പെടും വിശ്വനാഥന്റെ സന്നിധി.
ഭാഗ്യവാൻ ജീവിതകാലത്തു സ്വീയമാം
ഭാഗധേയം നേടി, ധന്യമായ്‌ ജീവിതം.
എന്തിനിച്ചെയ്യേണ്ടു, എങ്ങോട്ടു പോവേണ്ടു
ഞാൻ തനിയേയിനി യാത്ര തുടരണോ?
തൽക്കാലമെൻ ഗൃഹം പൂകി മുടങ്ങിയ
സൽക്കർമ്മചിന്തനം പിന്നെയും ചെയ്യണോ?”

ഈവിധം ചിന്താകുലനായ്‌ മയങ്ങവേ
ആ വിപ്രനുണ്ടായി സ്വപ്നത്തിൽ ദർശനം,
ശ്രീവിശ്വനാഥൻ പുരോഭുവി വന്നിതാ
ദേവീ സമേതമരുളുന്നനുഗ്രഹം.
“കാശി കാണാത്തതിൽ വേണ്ടിനി സങ്കടം,
വിശ്വാസപൂർവ്വം മടങ്ങുക വത്സ നീ.
ജീവകാരുണ്യത്തിലേറില്ല ഭക്തിയും
രോഗശുശ്രൂഷയെ വെല്ലില്ലപൂജയും,
എല്ലാം മറന്നു നീ ചെയ്ത സൽക്കർമ്മമാ-
ണെല്ലാറ്റിലും പ്രിയം, ഞങ്ങൾക്കറിക നീ!
ഗംഗയിൽ മുങ്ങാത്ത ഖേദവും തീരുവാൻ
ഇങ്ങുണ്ടു മാർഗ്ഗമീ ഗോഷ്പദജന്യമാം
നിർമ്മലവാരി സ്വർഗ്ഗംഗ താൻ മേലിൽ; ഈ-
ശർമ്മമെഴുമിടം കേരളകാശിയാം.
ഭാവിയിൽശ്രീവെമ്പ്ലാവെന്നേറെ വാഴ്ത്തിടു-
മിപ്പുരം നൽകും പിതൃകർമ്മസൽഫലം
ആത്മീയവിദ്യകൾക്കാശ്രയസ്ഥാനമാം
ആത്മവിശുദ്ധിക്കു കേന്ദ്രമാമിസ്ഥലം.