ആനിക്കാട് തിരുവുംപ്ലാവിൽ മഹാദേവക്ഷേത്രത്തിൽ നവരാത്രി ആചരണ പരിപാടികൾ ഒക്ടോബർ 10 മുതൽ 19 വരെ നടക്കും.ഈ ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി നവരാത്രി വ്രതാനുഷ്ഠാന പദ്ധതിയും ചിട്ടപ്പെടുത്തിയിട്ടുണ്ട്. ഇതനുസരിച്ചു നവരാത്രിക്കാലത്തു (ഒക്ടോബര് 10 മുതൽ 19 വരെ ) രാവിലെ 6 :45 മുതൽ 7 :30 വരെ വിദ്യാർത്ഥികൾക്കായി നാമജപം, സരസ്വതീ വന്ദനം, ബ്രഹ്മീഘൃത സേവ, മുദ്രാ തെറാപ്പി എന്നിവ ഉണ്ടായിരിക്കും. വ്രതാചരണപരിപാടികൾക്ക് തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫ് ഡയറക്ടർ നാരായണശർമ്മ ആചാര്യത്വം വഹിക്കും. മുദ്രാതെറാപ്പി ഡോ ബി അജിത നയിക്കും. നവരാത്രിയോടനുബന്ധിച്ചു ശ്രീ പ്രസാദ് എൻ എ യുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിക്കുന്ന സനാതന ജീവന വിദ്യാലയത്തിലെ സംഗീത വിദ്യാർത്ഥികളുടെ സംഗീതാർച്ചനയും ഉണ്ടായിരിക്കും.

ഒക്ടോബർ 14 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഗൗരീശങ്കരത്തിൽ, തിരുവുംപ്ലാവിൽ ദേവസ്വം സനാതന സ്കൂൾ ഓഫ് ലൈഫും വിശ്വസംസ്കൃതപ്രതിഷ്ഠാനവും സംയുക്തമായി നടത്തുന്ന ഭാരതീപൂജയും സംസ്കൃതസേവാനിധി സമർപ്പണവും കുടുംബസംഗമവും നടക്കും. വിശ്വസംസ്കൃതപ്രതിഷ്ഠാനം ജില്ലാ അദ്ധ്യക്ഷനും പ്രശസ്ത ചാക്യാർ കൂത്ത് കലാകാരനുമായ വിദൂഷകരത്‌നം ശ്രീ എടനാട്‌ രാജൻ നമ്പ്യാർ ഭാരതീപൂജാസന്ദേശം നൽകും.തുടർന്ന് 6 :15 ന് അദ്ദേഹത്തിന്റെ ചാക്യാർ കൂത്തും നടക്കും.

ഒക്ടോബർ 16 ചൊവ്വാഴ്ച വൈകിട്ട് 6 നു പൂജവയ്‌പ്‌ ഗൗരീശങ്കരത്തിൽ തയ്യാറാക്കിയ സരസ്വതീമണ്ഡപത്തിൽ നടക്കും.. തുടർന്ന് വിജയദശമി ദിനം വരെ സരസ്വതീമണ്ഡപത്തിൽ രാവിലെയും വൈകുന്നേരവും വിശേഷാൽ പൂജകൾ ഉണ്ടാവും.

മഹാനവമിദിനമായ ഒക്ടോബർ 18 വ്യാഴാഴ്ച വൈകുന്നേരം 6 മണിക്ക് സരസ്വതീമണ്ഡപത്തിൽ വിദ്യാർത്ഥികൾ നടത്തുന്ന സരസ്വതീപൂജയും സമൂഹാർച്ചനയും നടക്കും. ബ്രഹ്മശ്രീ എസ് എൻ നമ്പൂതിരി ആചാര്യനായിരിക്കും.

വിജയദശമിദിനമായ 19 ന് രാവിലെ 7 മുതൽ വിദ്യാരംഭം നടക്കും. തുടർന്ന് പൂജയെടുപ്പ്. കുട്ടികളെ എഴുത്തിനിരുത്താൻ ആഗ്രഹിക്കുന്ന മാതാപിതാക്കൾക്ക് മുൻകൂട്ടി ക്ഷേത്ര ഓഫീസിൽ പേര് നൽകാവുന്നതാണ്.

നവരാത്രി വ്രതമനുഷ്ഠിക്കുന്ന വിദ്യാർത്ഥികൾ ഒക്ടോബർ 10 നു രാവിലെ 6 :40 ന് മുൻപായി ക്ഷേത്രം ഓഫീസിൽ പേര് നൽകേണ്ടതും അന്നു മുതൽ വിജയദശമി വരെ രാവിലെ 6 :45 മുതൽ 7 – 30 വരെ നടക്കുന്ന സരസ്വതീവന്ദനത്തിലും ബ്രഹ്മീഘൃതസേവയിലും നവരാത്രിവ്രതാചരണ പരിപാടികളിലും പങ്കുകൊള്ളേണ്ടതുമാണ്.